വിന്‍ഡോസ് ഉപയോഗിച്ചു വരുന്ന ഒരു ഹ്യൂമന്‍വെയറിന് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പറ്റി ഉണ്ടാകാവുന്ന ഒരു പ്രധാന പരാതി ആണ് മീഡിയ സപ്പോര്‍ട്ട് പോര എന്നുള്ളത്. കൊല്ലങ്ങളായി സിനിമ കാണാനും മറ്റ് മീഡിയാ ആവശ്യങ്ങള്‍ക്കും ഈ പരാതി കേള്‍ക്കുന്ന ഓ.എസുകള്‍ തന്നെ ഉപയോഗിക്കുന്നതിന്റെ വെളിച്ചത്തില്‍ നിന്ന് പറഞ്ഞാല്‍ ഈ ആരോപണത്തിനു കാരണം എന്തെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ മീഡിയാ സോഫ്റ്റ് വെയറുകളെ കുറിച്ചും അവയ്ക്ക് വന്നേക്കാവുന്ന സാധാരണ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന രീതികളെ കുറിച്ചും ആണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നത് (ഇമേയ്ജ് വ്യൂവറുകളെയും ഓഡിയോ,വീഡിയോ പ്ലെയറുകളെയും പറ്റി) . തുടക്കക്കാരായ ഗ്നു/ലിനക്സ് യൂസേഴ്സിനു ഗുണം ചെയ്യും എന്ന് കരുതുന്നു.

(Installation steps are for Debian based OS users)

ഇമേയ്ജ്

രണ്ട് ഇമേജ് വ്യൂവര്‍ സോഫ്റ്റ്വെയറുകളെ പ്രതിപാദിക്കാം. ഒരു ശരാശരി യൂസര്‍ ആവശ്യപ്പെടുന്ന എല്ലാ ഓപ്ഷനുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു.

1. ജി തംബ് ഇമേയ്ജ് വ്യൂവര്‍ ജിതംബ് ഒരു gtk വ്യൂവര്‍ ആണ്. നിങ്ങളുടെ ചിത്രങ്ങള്‍ അടുക്കി വയ്ക്കാനും പിക്കാസ, ഫ്ലിക്കര്‍ തുടങ്ങിയവയില്‍ നിന്ന് ചിത്രങ്ങള്‍ ഇമ്പോര്‍ട്ട് ചെയ്യാനും പിക്കാസ, ഫ്ലിക്കര്‍, ഫേയ്സ്ബുക്ക് തുടങ്ങിയവയിലേക്ക് ചിത്രങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്യുവാനും ജിതംബില്‍ ഓപ്ഷനുകള്‍ ഉണ്ട്. കൂടാതെ നമുക്ക് വേണ്ടപ്പോള്‍ ഇനേബിള്‍ ചെയ്യാന്‍ പാകത്തിനുള്ള ഒട്ടനവധി ഫീച്ചറുകളും ജിതംബില്‍ അടങ്ങിയിരിക്കുന്നു.

ഇന്‍സ്റ്റലേഷന്‍ 

 sudo apt-get install gthumb

2. ഗ്വെന്‍ വ്യൂ ഗ്വെന്‍ വ്യൂ ഗ്നു/ലിനക്സുകളില്‍ ലഭ്യമായ ഏറ്റവും മികച്ച ഇമേജ് സോഫ്റ്റ്വെയറുകളില്‍ ഒന്നാണ്. ചിത്രങ്ങള്‍ അടുക്കി വക്കുന്നതിനൊക്കെയുള്ള സൌകര്യങ്ങള്‍ നല്‍കുന്നതിനോടൊപ്പം ചെറിയ രീതിയിലുള്ള എഡിറ്റിങ്ങ് സൌകര്യവും നല്‍കുന്നു. കൂടാതെ എല്ലാ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളും ഗ്വെന്‍ വ്യൂ സമര്‍ഥമായി കൈകാര്യം ചെയ്യുന്നു.

ഇന്‍സ്റ്റലേഷന്‍

sudo apt-get install gwenview

ഓഡിയോ

ഒട്ടുമിക്ക ഗ്നു/ലിനക്സുകളിലും ഇന്‍ബില്‍ട്ടായി ഇന്‍സ്റ്റാള്‍ഡായ റിഥംബോക്സ് എന്ന സോഫ്റ്റ്വെയര്‍ നിങ്ങളുടെ എല്ലാ ഓഡിയോ ആവശ്യങ്ങളെയും കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ഒന്നാണ്. ബാന്‍ഷീയും മികച്ചതാണ്.

ഇന്‍സ്റ്റലേഷന്‍

ബാന്‍ഷീ

 sudo add-apt-repository ppa:banshee-team/ppa


sudo apt-get update


sudo apt-get install banshee

ബാന്‍ഷീ വീഡിയോയും പ്ലേ ചെയ്യും. നിങ്ങളുടെ ഉബുണ്ടുവിലോ ലിനക്സ് മിന്റിലോ എംപിത്രീ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ പ്ലേ ആകുന്നില്ലെങ്കില്‍

sudo apt-get install ubuntu-restricted-extras

എന്ന കമാന്‍ഡ് റണ്‍ ചെയ്ത് പ്രസ്തുത പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.

വീഡിയോ

പഴി മൊത്തം കേള്‍ക്കുന്ന ആളുകളാണ് ഗ്നു/ലിനക്സിലെ വീഡിയോ പ്ലെയറുകള്‍. എന്നാല്‍ ഏത് വീഡിയോയും യാതൊരു തടസ്സവും പ്ലേ ചെയ്യാനും അതു മായി ബന്ധപ്പെട്ട ഓപ്ഷനുകള്‍ ലഭിക്കുവാനും തക്ക കെല്പുള്ള വീഡിയോ പ്ലെയറുകള്‍ ലഭ്യമാണ്. ഇഷ്ടം പോലെ വീഡിയോ പ്ലെയറുകള്‍ ലഭ്യമാണെങ്കിലും ഇവിടെ പരാമര്‍ശിക്കുന്നത് രണ്ട് പ്ലെയറുകളെ ആണ്.

1. വി എല്‍ സി മീഡിയാ പ്ലെയര്‍

ഒരു പക്ഷേ ലോകത്തെ ഏറ്റവും പ്രസിദ്ധമായ വീഡിയോ പ്ലെയറായിരിക്കണം വി എല്‍ സി. വീഡിയോ സംബന്ധമായ നൂറുകണക്കിന് ഓപ്ഷനുകളാണ് വി എല്‍ സി നമുക്ക് നല്‍കുന്നത്. എല്ലാതരം ഫയല്‍ ഫോര്‍മാറ്റിലുള്ള വീഡിയോകളും വി എല്‍ സി പ്ലേ ചെയ്യും.

ഇന്‍സ്റ്റലേഷന്‍

sudo add-apt-repository ppa:videolan.org/stable-daily


sudo apt-get update


sudo apt-get install vlc

ഇതുവഴി വി എല്‍ സിയുടെ ഏറ്റവും പുതിയ സ്റ്റേബിള്‍ വേര്‍ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒട്ടുമിക്ക കൊഡക്കുകളിലും ഫയല്‍ ഫോര്‍മാറ്റിലും ഉള്ള വീഡിയോകളെ വി എല്‍ സി സപ്പോര്‍ട്ട് ചെയ്യുന്നു. വി എല്‍ സിയില്‍ HEVC കൊഡക്കില്‍ ഉള്ള വീഡിയോ പ്ലേ ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍,

sudo apt-add-repository ppa:strukturag/libde265 

sudo apt-get update

sudo apt-get install vlc-plugin-libde265

ഇത് അത് പരിഹരിക്കാന്‍ പര്യാപ്തമാണ്.( ഇപ്പോള്‍ ലഭ്യമാകുന്ന ഒട്ടുമിക്ക വീഡിയോ ഫയലുകളും x264 അല്ലെങ്കില്‍ x265 HEVC കൊഡക്കുകള്‍ ഉപയോഗിക്കുന്നവയാണ്. )

2.എസ് എം പ്ലെയര്‍ എസ് എം പ്ലെയര്‍ ഒരു എംപ്ലെയര്‍ ഫ്രണ്ട്എന്‍ഡ് ആണ്. ഒട്ടുമിക്ക ഫയല്‍ ഫോര്‍മാറ്റും കോഡക്കുകളും എസ് എം പ്ലെയര്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ ആയി വീഡിയോക്ക് അനുയോജ്യമായ (perfectly synchronised) സബ്ടൈറ്റില്‍ സെര്‍ച്ച് ചെയ്യല്‍ തുടങ്ങി വി എല്‍ സിയില്‍ ലഭിക്കാത്ത പല ഓപ്ഷനുകളും എസ് എം തരുന്നു.

ഇന്‍സ്റ്റലേഷന്‍ 

sudo apt-get install smplayer

ഇതോടൊപ്പം mpvmediaplayer ഇന്‍സ്റ്റാള്‍ ആകുന്നു. പൊതുവേ കൊഡക്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. ഉബുണ്ടു, ലിനക്സ് മിന്റ് യൂസേഴ്സ് ഉബുണ്ടു റെസ്ട്രിക്റ്റഡ് എക്സ്ട്രാസ് പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നാകും. [ ഗ്നു/ലിനക്സിലെ മീഡിയാ സപ്പോര്‍ട്ടിനെ പറ്റി ഓ.എസ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് ഉണ്ടാകാവുന്ന സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പ്രതിവിധി ആകും എന്ന് പ്രതീക്ഷിക്കട്ടെ. ]

Find help at –> https://t.me/GnuLinuxLovers

Advertisements